Sunday, December 10, 2017

ഓഖി

ചർച്ച പുരോഗമിക്കുകയാണ്
വിഷയം കടലാണ്

കടലിലെ ഓളങ്ങളും
പൂന്തുറ സ്റ്റുഡിയോയിൽ
നിന്നും ചേരുമത്രെ

വരാന്തയിലെ
വാരാന്ത്യ ചർച്ചകളിലും
ഇഴകീറുന്ന
വിഷയം കടലാണ്

ഓഖിയെ അനേഷിച്ചവർ
ചുഴലി കണ്ടില്ല
കാണാനായി ചെന്നവരെ 
കടലും എടുത്തു

കരയുന്നവർക്കു
കരയാം കാരണം
കരച്ചിൽ ഒരു ഫാഷൻ അത്രേ
എന്ന് മന്ത്രി പേരമ്മ

മണിക്കൂറുകൾ ദിവസങ്ങളായി
ദിവസങ്ങൾ മാസങ്ങളായി

ഓഖിയെ കണ്ടവരുണ്ടോ

കണ്ടാൽ ഒന്ന് ചോദിക്കണേ..
കാരണം അക്കൂട്ടത്തിൽ

എൻ്റെ അച്ഛനുണ്ട്
എൻ്റെ അനിയനുണ്ട്
എൻ്റെ അമ്മാവനുണ്ട്
എൻ്റെ അമ്മയുടെ കണ്ണീരും ഉണ്ട്

കടലിലെ ഓളപ്പരപ്പിൽ നിന്നും
ക്യാമറാമാൻ ചേട്ടനോടൊപ്പം

ചർച്ച പുരോഗമിക്കുകയാണ്

വിഷയം കടലാണത്രെ..  

Saturday, December 2, 2017

ഇരുട്ടിൻ മിഴികൾ 

മഴ  ഒഴിഞ്ഞ  ആ  മണ്ണിനോരം
ഒരു പിടി ഓർമ്മകളുമായി
മഴവിൽ  ചിറകുകൾ  കാണാൻ
കണ്ണീർ  ചാലിൽ  കണ്ട ആ  തെളിഞ്ഞ
സ്വപ്നങ്ങളുമായി
തേരേറുകയായി  ഈ മിഴികൾ

ചിരാതിൻ  ഇരവാർന്ന ചക്രവാളങ്ങളിൽ
തിരികെവരാൻ  മടിക്കുന്ന ആ ചിരി വിതറാം
തണൽ തേടും ആ കവിളുകളിൽ
ചുടു മൃദു സ്പന്ദനങ്ങൾ ആവാം..

എങ്കിലും ഈ കണ്ണുകളിൽ ഉദയം വീണ്ടും
വിരുന്നെത്തുമോ

പറന്നുയരാം ഈ മണ്ണിൻ ഓരത്തുനിന്നും
എങ്കിലും നന്മകൾ ഒഴുകീടുമോ പൂക്കാലം കൊതിക്കും
ഈ കണ്ണുകളിൽ

തെന്നലായി  തണലായി  വീണ്ടും ഉദിക്കാമോ
ആദിത്യ എൻ  കണ്ണുകളിലെ പകലാവാമോ

ചേലേറും ഈ കാഴ്ചകൾ
ഇരുട്ടേറും ഈ കണ്ണുകളിൽ
വീണ്ടും  ഉദിച്ചിരുന്നെങ്കിൽ..


Saturday, November 25, 2017

പൂത്തുമ്പി 

കാണാ ലോകം കറങ്ങാൻ
വെൺമേഘ തേരിൽ ഞാനും കൂടട്ടെ

ആകാശത്തിൻ കണ്ണാടികൂടാരത്തിൽ
കൂടുകൂട്ടാൻ  ഞാനും ചേരട്ടെ

സന്ധ്യ ഒഴിയും പ്രഭാതത്തിൽ
പുൽനാമ്പിൽ നിറയും തേൻ രുചിക്കാൻ
ചാരത്തായി ഞാനും ചായട്ടെ
കുളിരേറും നിൻ മോഹ ചിറകുകളിൽ

നോവിൻ മലരുകളിൽ ഞാൻ കണ്ടു
തോളോട് തോളു ചേരും
ലവണാംശം  നിറയും ആ ഇരട്ട കണ്ണുകളിലെ
നിൻ ആരാമത്തിന്ന്  പൂക്കാലം

പൂത്തുമ്പി..
കൂടെ ചേരുന്നു ഞാനും
നിൻ
മോഹത്തേരിന് കൂടാരത്തിൽ
ഉതിരും
തേനേറും ആ പൂക്കാലം രുചിക്കാൻ..
പ്രണയം 

ജ്വലിക്കുന്ന  മഞ്ഞുതുള്ളിയിൽ ഞാൻ കണ്ടു
ആ കണ്ണുകളിലെ ഒഴുകിയിറങ്ങുന്ന ശാന്തമാം അരുവിയെ

തീവ്രമായ ഓർമ്മ തൻ ഉയിരിൽ
അലിഞ്ഞു ഒഴുകും മോഹമേ.. പ്രണയമേ..
മറക്കുമോ ഈ കാത്തിരുപ്പിൻ സൗഹൃദത്തെ

വനിതൻ വെയിലിൽ ഉദിക്കുന്ന കിരണമായി
നീ പറന്നിറകിയതു മഞ്ഞോർമ്മകളിലെ
ആ ഇല പൊഴിയും കാലത്തിൽ ചേക്കേറാനോ

ചേരുമോ ഈ ദിക്കുകൾ
ഉദിക്കുമോ ആ സ്വപ്നങ്ങൾ

തിരഞ്ഞു ഞാൻ എൻ അരികിൽ
ആ ഏകാന്ത ലോകത്തിൻ ദാഹത്തെ

നീല കുറിഞ്ഞി പൂക്കുന്ന ആ പുലരൊളിയിൽ
വെറുതെ ഞാൻ അലഞ്ഞൊട്ടെ
മൂളിയിറങ്ങും ആ പ്രണയാർദ്രമാം മോഹത്തെ..

Saturday, June 3, 2017

എഴുത്തുകുത്തുകൾ

എഴുതി  തീർന്നു...
എഴുതിയ  വാക്കുകൾ നിശബ്ദമിരിപ്പുണ്ടേ
അരികിലായി  കുറിച്ചിട്ടും  കുറിച്ചിട്ടും
ആടുജീവിതം  കണക്കെ  ആ  പേനയും

ഇവിടെ  ഇനി കഥകളില്ലാതാകും
ഇവിടെ ഇനി കവിതകളും ഇല്ലാതാവുമത്രെ
വായനാശീലം  തൂങ്ങി  നില്ക്കുന്നു
ബ്ലോഗുകളും പ്രസാധകരും ചുറ്റിലും കൂടെയുണ്ട്

വായനാ വാരത്തിലെ ചർച്ചയും
വായനയുടെ തൂങ്ങി നിൽപ്പായിരുന്നത്രെ
വന്നവരും  പോയവരും കുറിച്ചിട്ടു
വറുതിയുടെ  ഈ നാളിൽ വായന വളർത്തണമത്രേ

കേട്ടതും  കണ്ടതും  കുറിച്ചിട്ടും
ആരാലും തിരിച്ചറിയാതെ വായനയ്ക്കു വിധേയമാകാതെ
വായന തൂങ്ങി നിന്ന ആ നാല് ചുവരുകളുടെ മൂലയിൽ
മൂകസാക്ഷിയായി ആ എഴുത്തുകുത്തുകൾ ഉണ്ടായിരുന്നത്രെ

വായിക്കപ്പെടാനോ പ്രസാധിക്കപ്പെടാനോ സാധ്യത  ഇല്ലാത്തതിനാൽ
ഞാനും കുറിക്കുന്നു..
വായന മരിക്കാതിരുന്നെങ്കിൽ..

Sunday, April 16, 2017

ഉയിർപ്പു 

ചുറ്റിലും ക്രൂശിക്കപ്പെട്ടവരാണ്
ചുറു ചുറു വീഴുന്ന മഴ പോലും
ഒരിക്കൽ മേഘ കൂടിൽ ക്രൂശിക്കപ്പെട്ടിട്ടുണ്ട്
എന്നിട്ടും
ചീവീടുകൾ പോലും ഇവിടെ ക്രൂശിതരുടെ കഥ പാടുന്നില്ല
എന്തോ
അവർ പാടിയതും പാടുന്നതും ഉയിർപ്പിന്റെ ഓർമ്മകൾ ആണ്

കാരണം
നിറമില്ലാത്തവരുടെ കൈകളിലെ ആണികൾ   ഒഴിവാക്കാൻ
ഒരിക്കൽ അവൻ  ക്രൂശിതനായി -  ഒടുവിലത്തെ ക്രൂശിതൻ!
എങ്കിലും ഇന്നും ക്രൂശിതരുടെ ജൈത്രയാത്രയാണ്!!!

പലപ്പോഴായി
ഈ ക്രൂശിതരുടെ മരകുരിശു ചിന്തേരിടുന്നതു ഇന്നു ഞാൻ ആണ്
ഇരുട്ടിൽ ഞാൻ പണിയുന്ന ഈ കുരിശുമരങ്ങൾ
അതാണ് എൻ്റെ ഉയിരിനും ആ മുപ്പത്തി മൂന്നുകാരൻ മരപ്പണിക്കാരന്റെ  ഉയർപ്പിനും മദ്ധ്യേ ഇല്ലാതാവുന്ന പാമ്പൻപാലം

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു ഒരു ഉയിർപ്പുണ്ട്
വളരെ എളുപ്പം  നേടാവുന്ന ഉയിർപ്പു
"പരസ്പരം കുരിശു പണിയാതിരിക്കുക"






Wednesday, January 18, 2017

കൂടണയാതെ പറന്ന ആ കുഞ്ഞു പക്ഷി 

കൂടുകൂട്ടാനാണവൾ  വന്നത്
കൂട്ടുകൂടിയവരൊക്കെ സ്വന്തം എന്നും കരുതി
കണ്ണുകളിൽ നിറയുന്ന ആ കടലിളക്കത്തിൽ
ആരും അറിഞ്ഞില്ല കടലിൽ തിരയില്ലാതാവുന്നതു

സ്വപ്‌നങ്ങൾ ഏറെ എഴുതി നെയ്തു
സ്വന്തം എന്ന് കരുതിയവർ
അവർക്കായി  ജീവിതത്തിൻ നേരും നന്മയും നല്കി

മാമ്പഴ കവിതകൾ ചൊല്ലിയ ബാല്യത്തിൻ
മാധുര്യമേറും ഓർമകളിൽ  
മാർദ്ദവമേറും ആ ചിരി മായുന്നുമില്ല

ബാല്യം കൗമാരത്തിനു വഴി മാറും മുൻപേ
ഭാവാഭിനയം ഒന്നും കാണിക്കാതെ എത്തുകയായി
വിധിയുടെ  പ്രേഹേളികകൾ

ആശുപത്രി വരാന്തകൾ കണ്ടു  
അലമുറയിടുന്ന കണ്ണുകളും കണ്ടു ആ കണ്ണുകൾ
എന്നിട്ടും ആത്മീയതയുടെ മൂടുപടം ഇല്ലാതെ നല്കി നിറപുഞ്ചിരി

വിധിയെഴുതും വിധിയാളനെ നോക്കി പറയുകയായി
"പോയാലോ  ഒരു ദീർഘയാത്രയ്ക്കു
മടങ്ങി വരാൻ അനുവദിക്കുമോ ഈ ചുവരെഴുത്തുകൾ"

"ആവില്ല മകളെ ഇവിടെ മടക്കയാത്ര ഇല്ല
അതിർത്തികൾ  ഇല്ലാത്ത  ലോകത്തു
യാത്ര ഒരു തുടർച്ചയാണ്"

മന്ദസ്മിതമേറും ആ കണ്ണീരിൻ ചാലിൽ കൂടി
യാത്രയാവുകയായി

കൂടണയാതെ പറന്ന ആ കുഞ്ഞു പക്ഷി

ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...