Saturday, April 3, 2021

ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ്

താറാവ് മപ്പാസ് വന്നു 

ബീഫ് വിന്ദാലു വന്നു

പോർക്ക്‌ ഉലർത്തിയത് വന്നു

പെസഹായ്ക്ക് ബലിയാവേണ്ട

കുഞ്ഞാട് ബിരിയാണിയായി വന്നു.


ഇപ്പുറത്തെ വീട്ടിലും ഈസ്റ്ററാണ്

പെസഹായ്ക്ക് മുറിച്ചു ബാക്കിയായ 

അപ്പകഷണങ്ങളോടും 

തൂങ്ങപ്പെട്ട ക്രിസ്തുവിനോടും ഒപ്പം ഈസ്റ്റർ പ്രാതൽ.

ഈസ്റ്റർ ദിനാശംസകൾ!!!


 _Santhosh Sebastian Mattathil_ 

https://Santosavio18.blogspot.com

Sunday, November 15, 2020

 കിഴക്കവസാനിക്കും പടിഞ്ഞാറേ  നീയോ വെളിച്ചം 

 

മിഴിയണയുമ്പോൾ  മഞ്ഞിൻവെളിച്ചം തൂകിനിന്നൊരാ 

വിളക്കിൻ പേരോ സൂര്യൻ 

ഉയിരിൻ പകലിൽ പതിയും വിയർപ്പിനാൽ എഴുതുന്നൊരാ 

അഗ്നിഗോളത്തിൻ പേരോ ചന്ദ്രൻ 


തലയിണയിൽ ഉയിർക്കും മേഘങ്ങളേ 

അറിയാതെ അറിയുമോ ഈ യാമത്തിൻ തിങ്കൾക്കലയെ

ചിലമ്പിൽ തെളിയാത്ത പൂരങ്ങളെ 

അറിയാതെ അറിയുമോ ഈ ദുനിയാവിൻ മോഹകിരണങ്ങളെ 


താളം തട്ടാതെ കിഴക്കിൽ ചേക്കേറുന്ന 

ചോലയിൽ ചിതറുന്ന രശ്മികളെ 

നോവിൻ പടിഞ്ഞാറിൽ നീ എഴുതുന്ന ഇരുളിൻ 

കിനാവിലെ കച്ചകളിൽ കഥയെഴുതുന്ന സുൽത്താനെ 

നീയല്ലയോ വെളിച്ചം!!!   

Saturday, November 16, 2019

പ്രാണവായു വില്പനക്ക് 

ആദ്യം നിങ്ങൾ ഞങ്ങളുടെ
മണ്ണ് വിറ്റു.
പിന്നീട് നിങ്ങൾ ഞങ്ങളുടെ മണ്ണിന്റെ
വിയർപ്പായ അന്നത്തെ വിറ്റു.
പിന്നീട് നിങ്ങൾ ഞങ്ങളുടെ നദികളെ
കീറിമുറിച്ചു വിറ്റു.
പിന്നീട് നിങ്ങൾ ഞങ്ങളുടെ ഉയിരായ
ജലം കുപ്പിയിലാക്കി വിറ്റു.

എല്ലാം വിറ്റു തീർന്നപ്പോൾ നിങ്ങൾ
ഞങ്ങളെ പട്ടിണിക്കിട്ടു.
പട്ടിണിമൂലം ഞങ്ങൾ മരിക്കുന്നില്ല
എന്ന തിരിച്ചറിവിൽ.

പിന്നീട് നിങ്ങൾ ഞങ്ങളുടെ 
പ്രാണവായു വിറ്റു.

ഇനി ഒന്നും അവശേഷിക്കുന്നില്ല
എല്ലാം അവസാനിക്കുകയാണ്
അല്ല
എല്ലാം  അവസാനിച്ചു!!!

Friday, November 8, 2019

തർക്കഭൂമി 

ആദിയിൽ..
ആദിയിൽ ഇവിടെ ഒരു ദൈവം ഉണ്ടായിരുന്നത്രെ
ഇവിടെ ഒന്നല്ല ഒന്നിൽ കൂടുതൽ ദൈവം ഉണ്ടായിരുന്നു
അങ്ങനെ ദൈവങ്ങൾക്ക് വേണ്ടി ഭൂമി ഉണ്ടായി
തർക്ക ഭൂമി ഉണ്ടായി

ഒടുവിൽ..
ഒടുവിൽ ദൈവത്തെ മൂലയ്ക്കിരുത്തി
ഞങ്ങൾ കളം പിടിച്ചു
തർക്കം തർക്കിക്കാൻ വേണ്ടി ആയി
അങ്ങനെ തർക്ക ഭൂമി മരണ ഭൂമി ആയി

ഏറ്റവും ഒടുവിൽ ..
ഏറ്റവും ഒടുവിൽ എല്ലാം അവസാനിച്ചു
എല്ലാം അവസാനിച്ചു..

പക്ഷെ അപ്പോഴും..
പക്ഷെ അപ്പോഴും തർക്ക ഭൂമിയിൽ വീണ രുധിരത്തിൽ
ദൈവത്തിന്റെ മ്ലാനമായ മുഖം തിളങ്ങിയിരുന്നത്രെ 

Saturday, November 2, 2019

മരിച്ചവരുടെ അന്താരാഷ്ട്ര സമ്മേളനം 

ഇന്ന് വീണ്ടും ഒരു നവംബർ രണ്ട്!!!

സമ്മേളന നഗരിയിൽ ആകെ തിരക്കാണ്
വർഷത്തിൽ ഒരിക്കൽ ആണ്
എല്ലാരും കണ്ടു മുട്ടുകയത്രെ

ചിലർ ഒക്കെ കൊല്ലപ്പെട്ടവർ ആണ്
അവർക്കു വേണ്ടി ഒപ്പീസിനു പൈസയും കൊടുത്തു
ക്യൂയിൽ നിൽക്കുന്നവരിൽ അവരെ കൊന്നവരും ഉണ്ടത്രേ..

കൂട്ടത്തിൽ കുട്ടി ഉടുപ്പിട്ട രണ്ട് കുട്ടികൾ
നാട്ടിൽ അവർ പാലക്കാട് വാളയാർ..
അവരുടെ അടുത്തായി കോഴിക്കോട് കൂടത്തായി നിവാസികളും
അങ്ങനെ മലയാളികളുടെ നീണ്ട നിര..

അല്ലെങ്കിൽ തന്നെ മരിച്ചവർക്കു എന്ത് ഊരും പേരും!!

കുറച്ചകലെ താടി ഒക്കെ നീട്ടി വളർത്തിയ  രണ്ട് സ്നേഹിതർ
അവർ ഒരുമിച്ചായിരുന്നു കുറച്ചധികം നാൾ
പക്ഷെ വര്ഷങ്ങളുടെ വ്യത്യാസത്തിൽ ആണ് 
അവർ  ഇഹലോക വാസം വെടിഞ്ഞത്

അവർക്കു ഒപ്പീസു ചെല്ലാൻ വന്നവരും മോശക്കാരല്ല
ഒരാൾ ഒബാമയും മറ്റെയാൾ ട്രംപും

ഇനിയും പരത്തി പറഞ്ഞു
ഈ വർഷത്തെ സമ്മേളനത്തിന്റെ ഒരു ഇത് കളയുന്നില്ല..

അടുത്ത വര്ഷം നിങ്ങളിൽ ഒരാളെയും കൂടെ 
കാണാം എന്ന പ്രതീക്ഷയിൽ..

സമ്മേളന നഗരിയിൽ നിന്നും 
ക്യാമറമാൻ കാലനോടൊപ്പം നിങ്ങളുടെ സ്വന്തം ഈ ഞാൻ..

Saturday, June 15, 2019

ഉറുമ്പ്

വഴിയിൽ വച്ചാണ് കണ്ടുമുട്ടിയത്
പരിചയം പുതുക്കാൻ സാധിച്ചില്ല
വരി വരി ആയി പോവുന്ന കൂട്ടത്തെ
കൂട്ടം തെറ്റിക്കണ്ട എന്ന് വിചാരിച്ചു

എങ്കിലും വഴിയരികിലെ ഒരു
ഭീമൻ വളവിൽ അവൻ എനിക്കായി കാത്തു നിന്നു

കാൽപ്പന്തു കളിക്കാരെ പോലെ
ചിതറിയ കൂട്ടം അല്ലാത്തത് കൊണ്ട്
ഒഴുകി നീങ്ങി കൊണ്ടിരുന്ന കുഞ്ഞൻ
ബോഗികളിൽ അവനു പിന്നീട് ഇടം ലഭിച്ചില്ല

ചോദിക്കാനായി മറന്നുവെച്ച ആ ചോദ്യം
അവനോടു ചോദിക്കാനായി ആഞ്ഞതും
അവനെ കാണാതായി

ഒടുവിൽ നാഗരികതയുടെ ഊഷരതയിൽ
ഓർമ്മ കണക്കെ ഒരു ടിപ്പർ ലോറിയുടെ
അൻമ്പത്തിയഞ്ചു ഇഞ്ചു ടയറിൽ അവൻ ഓർമ്മയായി

പരിചയം പുതുക്കേണ്ടിയിരുന്നോ എന്ന ചിന്തയിൽ
ഞാൻ വീണ്ടും ചിതറിയ ചിന്തകളുമായി ബാക്കിയായി!!!

Saturday, November 3, 2018

തോൽവി 

എഴുതുവാൻ വാക്കുകളില്ലാതാവുമ്പോൾ
ചിന്തിക്കുന്ന ചിന്തകൾക്ക് ചിതലരിക്കുമ്പോൾ
അടരുകളിൽ അഴലിൻ ആഴമേറുമ്പോൾ
തുറിച്ചു നോക്കീടും പേക്കിനാവിൻ
പേരത്രേ തോൽവി.

പക്ഷെ തോൽവിയും തോൽക്കുമത്രേ
ഈ എഴുത്തു അവസാനിക്കുമ്പോൾ
തോൽവി തോൽവി അറിയുന്നു
ഹഹ!! ജാഗ്രതൈ!!!

ഈസ്റ്റർ

അപ്പുറത്തെ വീട്ടിൽ ഈസ്റ്ററാണ് താറാവ് മപ്പാസ് വന്നു  ബീഫ് വിന്ദാലു വന്നു പോർക്ക്‌ ഉലർത്തിയത് വന്നു പെസഹായ്ക്ക് ബലിയാവേണ്ട കുഞ്ഞാട് ബിരിയാണിയാ...